12:05pm 03 September 2026
NEWS
അമേരിക്കയിലെ ജനനാവകാശ പൗരത്വത്തിനുമേൽ പിടിമുറുക്കാൻ ട്രംപിന്റെ പുതിയ നീക്കം
03/09/2026  06:41 AM IST
nila
 അമേരിക്കയിലെ ജനനാവകാശ പൗരത്വത്തിനുമേൽ പിടിമുറുക്കാൻ ട്രംപിന്റെ പുതിയ നീക്കം

യുഎസിൽ ജനിച്ച കുട്ടികൾക്ക് പാസ്‌പോർട്ട് അനുവദിക്കുന്ന നടപടിക്രമത്തിൽ നിർണായക മാറ്റത്തിന് നീക്കം. പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ സ്വന്തം യുഎസ് പൗരത്വമോ നിയമപരമായ കുടിയേറ്റ പദവിയോ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന നിർദേശമാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നോട്ടുവച്ചിരിക്കുന്നത്.

മാതാപിതാക്കളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ നിലവിലെ അപേക്ഷാ നടപടികളിലും ഉൾപ്പെടുന്നുണ്ടെങ്കിലും, കുടിയേറ്റ പദവി തെളിയിക്കുന്ന രേഖകൾ സാധാരണയായി ആവശ്യപ്പെടാറില്ല. പുതിയ കരട് മാർഗനിർദേശം നിലവിൽ വന്നാൽ ഈ രീതിയിലാകും മാറ്റം വരിക.

യുഎസ് പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ പൗരത്വത്തിന്റെ തെളിവായും I-94, ഗ്രീൻ കാർഡ് തുടങ്ങിയവ നിയമപരമായ കുടിയേറ്റ പദവിയുടെ തെളിവായും സമർപ്പിക്കേണ്ടിവരും. ഈ വിവരങ്ങൾ പരിശോധിച്ച ശേഷമാകും കുട്ടിയുടെ പൗരത്വ അവകാശം സംബന്ധിച്ച് തീരുമാനമെടുക്കുക.

ജനനാവകാശ പൗരത്വത്തിന് നിയന്ത്രണം കൊണ്ടുവരാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുമായി പുതിയ നിർദേശത്തിനും ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 6ന് ജനനാവകാശ പൗരത്വം നിയന്ത്രിക്കുന്ന രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു.

അമേരിക്കയിലെത്തി പ്രസവിക്കുന്ന വിദേശ പൗരന്മാരുടെ കുട്ടികൾക്ക് പൗരത്വം ലഭിക്കുന്ന സാഹചര്യം ഉൾപ്പെടെ നിയന്ത്രിക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ടൂറിസ്റ്റ്, ബിസിനസ് വീസകൾ ഉപയോഗിച്ച് പ്രസവത്തിനായി യുഎസിലെത്തുന്ന ‘ബർത്ത് ടൂറിസം’ അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മാതാപിതാക്കളിൽ ഒരാൾ യുഎസ് പൗരനോ ഗ്രീൻ കാർഡ് ഉടമയോ ആയാൽ മാത്രമേ കുട്ടിക്ക് ജനനസമയത്ത് പൗരത്വം ലഭിക്കൂ എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയ ട്രംപിന്റെ മുൻ എക്സിക്യൂട്ടീവ് ഉത്തരവും നിയമപോരാട്ടത്തിന് വഴിവച്ചിരുന്നു. ഭരണഘടനാവിരുദ്ധമെന്ന വാദം ഉയർന്നതിനെ തുടർന്ന് ഉത്തരവിനെതിരെ സുപ്രീം കോടതിയിലും നിയമനടപടികൾ നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img